Hero Image

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നിറവിൽ ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ

ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം.

വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വർഷത്തിൽ നമ്മുടെ ജീവിതത്തിലെ സമ്പൽസമൃദ്ധമായ ഐശ്വര്യങ്ങളെയും, സൗഭാഗ്യങ്ങളെയും ആണ് കണി കാണലിന്റെ സങ്കല്പം. അതിനാൽ തന്നെ വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫലമൂലാദികൾ, പുതുവസ്ത്രം എന്നിവ കൊണ്ടാണ് ഇവയെല്ലാം തന്നെ സമ്പദ് സമൃദ്ധിയാണ് അടയാളപ്പെടുത്തുന്നത്.

വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കുത്തരി നിറച്ച് അതിനു മുകളിൽ കണിക്കൊന്ന പൂവും മാങ്ങയും ചക്കയും നാളികേരവും ഉൾപ്പെടെയുള്ള ഫല വർഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. ഭഗവാന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രവും ഒപ്പം വയ്ക്കും. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിച്ചാണു കണി കാണൽ. തുടർന്നു കുടുംബത്തിലെ മുതിർന്നവർ കൈനീട്ടം നൽകും.

READ ON APP